News

സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷകൾ : മാതൃകാ ചോദ്യപേപ്പറുകളും മാർക്കിങ് സ്കീമും പ്രസിദ്ധീകരിച്ചു

Posted On : September 24, 2026
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷകൾ : മാതൃകാ ചോദ്യപേപ്പറുകളും മാർക്കിങ് സ്കീമും പ്രസിദ്ധീകരിച്ചു

2026-27 അദ്ധ്യയന വർഷത്തെ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾക്കായുള്ള മാതൃകാ ചോദ്യപ്പേപ്പറുകളും മാർക്കിങ് സ്കീമും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പ്രസിദ്ധീകരിച്ചു.

ചോദ്യപ്പേപ്പറുകളും മൂല്യനിർണയ രീതി വിശദീകരിക്കുന്ന മാർക്കിങ് സ്കീമും ബോർഡിന്റെ ഔദ്യോഗിക അക്കാദമിക് വെബ്സൈറ്റായ cbseacademic.nic.inൽ ലഭ്യമാണ്.ഇരു ക്ലാസുകൾക്കുമായി വിഷയാധിഷ്ഠിതമായാണ് മാതൃകാ ചോദ്യപ്പേപ്പറുകൾ പുറത്തിറക്കിയിരിക്കുന്നത്.

2027-ലെ സിബിഎസ്ഇ ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ചോദ്യപ്പേപ്പറിന്റെ ഘടന, ചോദ്യങ്ങളുടെ സ്വഭാവം, വിഭാഗങ്ങൾ തിരിച്ചുള്ള മാർക്ക് വിഭജനം എന്നിവ വ്യക്തമായി മനസിലാക്കാൻ ഇവ സഹായിക്കും.

പരീക്ഷയിൽ ഉത്തരങ്ങൾ എങ്ങനെ മൂല്യനിർണയം നടത്തുമെന്നും മാർക്കുകൾ എപ്രകാരം നൽകുമെന്നും വിശദമാക്കുന്നതാണ് ബോർഡ് പുറത്തുവിട്ട മാർക്കിങ് സ്കീം.

പരീക്ഷകളുടെ വിശദമായ സമയക്രമം (ടൈംടേബിൾ) 2026 ഒക്ടോബറോടെ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.